ന്യൂഡൽഹി: വെടിവയ്പിൽ പരിക്കേറ്റ പാക്കിസ്ഥാൻ ഭീകരന് ഇന്ത്യയിൽ തേൻചികിത്സ. ജമ്മുകാഷ്മീരിലെ വനമേഖലയിൽ ഒളിവിൽ കഴിയുന്നതിനിടെ വെടിയുണ്ടയേറ്റ് ഉണ്ടായ മുറിവുകൾ ഭേദമാകുന്നതിനായി പാക് ഭീകരൻ ഹാഷിം മൂസ (മുഹമ്മദ് ആസിഫ്) ആയുർവേദ ചികിത്സ നടത്തിയെന്നാണു വിവരം.
ലക്ഷർ ഇ തോയ്ബ കമാൻഡറും പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളുമാണ് ഹാഷിം മൂസ. കഴിഞ്ഞ ബുധനാഴ്ച ജമ്മുകാഷ്മീരിലെ ബഡ്ഗാം ജില്ലയിൽ സൈന്യം നടത്തിയ ഓപ്പറേഷനിൽ ഹാഷിം മൂസ കൊല്ലപ്പെട്ടിരുന്നു. ഇയാൾ പാക് സൈന്യത്തിന്റെ സ്പെഷൽ സർവീസ് ഗ്രൂപ്പ് മുൻ കമാൻഡറായിരുന്നെന്നാണു കരുതുന്നത്.
നേരത്തേ രജൗരിയിലെ ദോരിമാൽ-ഗാംബിർ മോഖലയിൽ സൈന്യം നടത്തിയ ഓപ്പറേഷനിലാണ് ഹാഷിം മൂസയ്ക്ക് വെടിയേറ്റത്. മൂസയ്ക്കും അയാളുടെ സഹായി യാസിറുനും വെടിവയ്പിൽ പരിക്കേറ്റു. പൂഞ്ച്, രജൗരി വനമേഖലകളിൽ ഒളിച്ചിരിക്കുമ്പോൾ ചികിത്സയ്ക്കു പുറത്തിറങ്ങാൻ കഴിയാത്തതിനാൽ മുറിവുകൾ ഉണങ്ങാനും അണുബാധ തടയാനും തേൻ ഉപയോഗിച്ചെന്നാണു റിപ്പോർട്ട്.
സെപ്റ്റംബറിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ യാസിർ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ ഫോണിൽനിന്നു ഹാഷിം മൂസ തേൻ ഉപയോഗിച്ച് ചികിത്സ നടത്തിയതിന്റെ ചിത്രങ്ങൾ ലഭിച്ചിരുന്നു.മുറിവ് ഉണക്കാൻ തേൻ ഫലപ്രദമാണെന്നാണ് വിശ്വാസം.